Friday, December 4, 2020

മൊതലാളി

ഞാനെന്നെ എന്നും ഒരു മുതലാളി ആയിട്ടാണ് കണ്ടിട്ടുള്ളത്. രമണന്റെ മൊതലാളി അല്ല, സംതിങ്ങ് ലൈക്ക് മുതലക്കുളം എൽ ഇ ഡി ബൾബ്, ടാങ്ക്, മിസൈൽ സെറ്റപ്പ്. ലൊട്ടുലൊടുക്കും ഗുൽഗുലുമാലും ആയിരുന്നു എന്റെ ഇൻസ്പിരേഷൻ. പക്ഷേ ലൈക്ക് മേബീ കുട്ടൂസൻ. ലൊട്ടുലൊടുക്കിനേം ഗുൽഗുലുമാലിനേം വിക്രമനേം മുത്തുവിനേം എംപ്ലോയ് ചെയ്യുന്ന, പക്ഷേ ക്യാപ്റ്റൻ കിർക്കിന്റെ ചെയറിൽ ഇരിക്കുന്ന സ്പോക്കിന്റെ റോൾ. അങ്ങനെ ഉള്ള ഒരാളെ മൊതലാളീ എന്ന് വിളിക്കാൻ പറ്റുമോ എന്നുള്ളത് ഒരു ബർണിങ്ങ് ചോദ്യമാണ്. മൊതലാളീന്ന് പറയുമ്പൊ ജൂബ്ബ, മാല, ചെയിൻ, കുട്ടിക്കൂറ പൗഡർ.. അതെല്ലാം പോട്ട്, സോക്സിടാതെ ആ കറത്ത ഷൂസിട്ട് നടക്കാൻ.. ഇംപോസ്സിബിൾ. ക്യാപ്റ്റൻ രാജുവിന്റെ പവനായി കോസ്റ്റ്യൂം ആണ് ഇവിടെ ബേസ്‌ലൈൻ. വേണേൽ വെള്ള കളർ ആക്കാം. ഹൈടെക് റിക്ലൈനർ കം മസ്സാജർ സിംഹാസനത്തിന്റെ രണ്ട് സൈഡിലും ഓരോ പുള്ളിപ്പുലികൾ. ഹോ.. രോമാഞ്ചം. നിങ്ങളൊരുപക്ഷേ ചിന്തിക്കുന്നുണ്ടാകും വൈ മസാജ് ചെയർ, വൈ നോട്ട് എ ഹോട്ട് മസ്സൂസ്സ് എന്ന്. പല കാരണങ്ങളും ഉണ്ട്. ഒന്നാമത്, സെക്ഷ്വൽ ഹരാസ്സ്മെന്റ് ലോസ് - എല്ലാ വർഷവും പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്സ്‌മെന്റ് ട്രെയിനിങ്ങ് അറ്റന്റ് ചെയ്ത് ചെയ്ത്.. യൂ നോ. പിന്നെ യന്ത്രം പ്രോഗ്രാമബിൾ ആണ്. പിന്നെ മസ്സൂസിനെ എങ്ങാനും പുലി മാന്തിയാ പിന്നെ വർക്ക്പ്ലേസ് ആക്സിഡന്റ് ലയബിലിറ്റി സോ ആൻഡ് സോ. പക്ഷേ എന്റെ സകല ഗുണ്ടകളും കൊല്ലത്തിൽ ഒരു ദിവസം ആ പോഷ് ട്രെയിനിങ്ങ്, പെയിൻഫുള്ളി ലോങ്ങ് വൺ, അറ്റന്റ് ചെയ്യണമെന്നത് ഞാൻ നിർബന്ധമാക്കും. ചുമ്മാ ഒരു ഇതിന്. മസ്സാജ് ചെയർ ഒരു വികാരമാണ്. ജോലിമാറുന്നതിനെ പറ്റി ചിന്തിക്കുമ്പോ ഒക്കെ ഇപ്പോ ഓഫീസിലുള്ള ആ മൂന്ന് മാലാഖക്കുട്ടികളാണ് മനസ്സിൽ വരുന്നത്. അവരെന്നെ ചിരിപ്പിച്ചപോലെ, സന്തോഷിപ്പിച്ച പോലെ.. അല്ലേ വേണ്ട. ഓൾസോ, ഈ സ്വർണ്ണ സിംഹാസനം സെറ്റപ്പൊന്നും ഒട്ടും എർഗണോമിക്ക് അല്ല. ഒന്ന് പിന്നോട്ട് ചാരി കിടക്കണം എന്ന് വച്ചാൽ വിക്രമാദിത്യനൊക്കെ എന്ത് ചെയ്തിട്ടുണ്ടാകുമോ ആവോ. മൂന്നാല് റഷ്യൻ ഗുണ്ടകളേം സുന്ദ്രരിമാരേം ഇറക്കണം. മേബീ ഒന്ന് രണ്ട് സെർബിയൻ കൂടി. ആ ആക്സന്റിലുള്ള മുതലാളീ എന്ന വിളി കേൾക്കാൻ.. ഹോ..

ദ ഡീറ്റെയിൽസ് വിത്ത് വിച്ച് ഐ ഹാവ് പ്ലാൻഡ് ഇറ്റ്.. ചെറുപ്പത്തിൽ സമപ്രായക്കാരൊക്കെ മരം കയറിയും പന്തുകളിച്ചും നടക്കുമ്പോൾ ഞാൻ വീണ മരങ്ങളിലും വാഴകളിലും ഹോമിയോ മരുന്നുകുപ്പി അടപ്പുകൾ മൊട്ടുസൂചികയറ്റി നോബുകളാക്കി കണ്ട്രോൾ പാനലുകളും ഐസുകോലുകൾ കൊണ്ട് ലിവറുകളും ഉണ്ടാക്കിവച്ച് എന്റെ സാങ്കൽപ്പിക ഗുണ്ടാ സംഘങ്ങളോട് രഹസ്യ റേഡിയോ സന്ദേശങ്ങളിലൂടെ ക്രിമിനലുകളെയും കൊലയാളികളെയും ശിക്ഷിക്കാൻ ഓർഡറിടുകയും ജയിലുകളിൽ നിന്ന് തട്ടിക്കൊണ്ട് വന്ന ക്രിമിനലുകളെ കൊണ്ട് എന്റെ രഹസ്യ സങ്കേതത്തിന്റെ ഭൂമിക്കടിയിലെ പതിനാറാമത്തെ നിലയിലെ ഭിത്തികളിൽ ചായമടിപ്പിക്കുകയും ആയിരുന്നു. ബാറ്റ്‌മാനെന്നൊക്കെ കേൾക്കുന്നതിനും കൊല്ലങ്ങൾക്ക് മുന്നേ എന്റെ ഭൂഗർഭ തുരങ്കങ്ങളിലൂടെ എന്റെ ഹൈടെക് കൊടുങ്കാറ്റ് വാഹനം പാഞ്ഞ് നടക്കുന്നുണ്ടായിരുന്നു. പിന്നെ മെട്രിക്സ് ഒക്കെ കണ്ടപ്പളാ, തെണ്ടികൾ അതും അടിച്ച് മാറ്റിയോന്ന് ചിന്തിച്ച് പോയത്.

ഏറെക്കുറേ എല്ലാം ഫൈനലൈസ് ചെയ്ത സമയത്താണ് ഇന്റർനെറ്റ്/ഇംഗ്ലാഷ് സിനിമകൾ തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കുന്നത്. യൂ സീ, ഇന്ത്യൻ സിനിമകളിൽ/സീരിയലുകളിൽ സകലതും വളരെ വെർബൽ ആണ്. എന്താണ് ചെയ്യണ്ടതെന്ന് ബോസ്സ് കൃത്യമായി പറയും. ദേഷ്യത്തിൽ ആണെങ്കിൽ അലറും. "ആക്രമിക്കൂ", "അവന്റെ കൊടലുമാല കുത്തി വെളീലിടെടാ" തുടങ്ങി ക്ലിയർ ആയ വെർബൽ കമാന്റുകൾ. ഗുണ്ടകൾക്ക് ഒരു കൺഫ്യൂഷനും ഇല്ല. ഇംഗ്ലീഷിലായപ്പോ സംഭവം മൊത്തം മാറി. മൊതലാളി ദേഷ്യത്തിലാണോന്ന് പോലും പറയാൻ പറ്റില്ല. അലർച്ച ഇല്ല, കമാന്റ് ഇല്ല. താടികൊണ്ടോ കണ്ണുകൊണ്ടോ ഉള്ള കമാന്റുകൾ മാത്രം. ചുമ്മാ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു, തിരിഞ്ഞ് നടന്ന് പോകുന്നു. അപ്പോ അതാ ഗുണ്ട മറ്റവനെ വെടിവയ്ക്കുന്നു. ആകെ കൺഫ്യൂഷൻ. സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്തു. ഇല്ല, കൊല്ലാനൊന്നും പറഞ്ഞില്ല. റിവൈന്റ് ചെയ്ത് നോക്കി. ഇല്ല, ആക താടി താഴേക്കൊന്ന് അനക്കിയത് മാത്രം. അത് തന്നെ മറ്റൊരു സീനിൽ താടി താഴേക്ക് അനക്കിയപ്പോ ഗുണ്ട പിടിച്ച് വച്ചിരുന്നവനെ വിട്ടിട്ട് പോന്നു. ഇതെങ്ങനെ ഈ സംഭവം, ലവനെങ്ങനെ മനസ്സിലായി ! ഞാനെങ്ങാനും പോയി മാസ്സ് ഡയലോഗൊക്കെ അടിച്ചിട്ട് വാടാ പോവാന്ന് മുദ്ര കാണിച്ചിട്ട് തിരിഞ്ഞ് നടക്കുമ്പോ അവമ്മാര് വല്ലോം തെറ്റിദ്ധരിച്ച് വെടിവച്ചാ ആകെ അലമ്പാകും. ഒരു ഇന്റർനാഷണൽ ലെവലിൽ ചിന്തിക്കുമ്പോൾ ഗോഡ്ഫാദർ ലൈനിൽ എങ്കിലും അല്ലെങ്കിൽ ഒരു ഇതുണ്ടാവില്ല. അട്ടഹാസവും അലർച്ചയും ഇല്ലാതെന്ത് മൊതലാളി എന്നൊക്കെ ആലോചിച്ചിരുന്നാലും റിക്വയർമെന്റ് മാറിപ്പോയ സ്ഥിതിക്ക് മുന്നോട്ട് പോക്ക് ഒട്ടും സാധ്യമല്ലെന്ന് തോന്നി. പ്രൈവറ്റ് ജെറ്റിൽ പോയി തോറാബോറാ മലനിരകളിലിരുന്ന് കഞ്ചാവ് വലിയ്ക്കുന്ന സ്വപ്നമൊക്കെ അമ്പേ തീർന്നു. ശോകമായി. പല വർക്ക് എറൗണ്ടുകളും ചിന്തിച്ചിരുന്നു, ലൈക്ക് ഹാൻഡ് സിഗ്നലുകൾ, കണ്ണടയ്ക്കൽ, മോഴ്സ് കോഡ്.. പക്ഷേ ആ സീനിന്റെ ഇന്റഗ്രിറ്റിയെ ബാധിക്കാത്ത രീതിയിൽ ഇതൊക്കെ നടപ്പിലാക്കുക എന്ന് പറഞ്ഞാൽ.. ഓൾസോ, സൺഗ്ലാസ്സൊക്കെ വച്ച് അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന അവമ്മാർ ഇതൊക്കെ മിസ്സ് ചെയ്യാൻ സാധ്യത വളരെ കൂടുതൽ ആണ്. അല്ലെങ്കിൽ പിന്നെ ലോക്കൽ ഏരിയയിൽ ഒതുങ്ങണം. നോ.. നടക്കില്ല. അല്ലെങ്കിൽ തന്നെ ഒരാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമിൽ എത്ര സിഗ്നലുകളൊക്കെ പഠിപ്പിക്കും!

എന്നാലും ഒരു സ്വപ്നത്തെ കൊല്ലുന്നതിലെ മനോവേദന ഓർത്ത് ഒന്ന് ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. ഒരു വാടക വീട് നോക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെ പ്രധാന ഗുണ്ടയായ ഗണേഷണ്ണനുമായി ചില്ലറ കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ആളിന്റെ സ്കൂട്ടറിനു പിന്നിലിരുന്ന് അല്പസ്വൽപം സഞ്ചാരമൊക്കെ നടത്തുകയും ചെയ്ത സമയമായിരുന്നതിനാൽ ഇത് തന്നെ അവസരം എന്ന് കരുതി. സൂക്ഷ്മതയോടെ നിരവധി നോൺ വെർബൽ സിഗ്നൽ സീനുകൾ കാണുകയും അവസാനം ഒരു തിയറി രൂപീകരിക്കുക്കയും ചെയ്തു. നോക്കിയിരുന്നിരുന്ന് അവസാനം തിയറി ടെസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഒത്തുവന്നു. ഞാൻ ചായക്കടയിൽ പത്രം വായിച്ചിരിക്കുന്നു. ഗണേഷണ്ണൻ ഭിത്തിയിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. കഴുത്തിലും തലയിലും ഉള്ള ടെലിപാത്തിക് മസിലുകളൊക്കെ ട്യൂൺ ചെയ്ത്, ഇനീഷ്യലൈസേഷൻ സീക്വൻസ് റൺ ചെയ്തു, അത്യന്തം നാടകീയമായി പത്രത്തിൽ നിന്ന് മുഖമുയർത്തി ഗണേഷണ്ണനെ നോക്കി. അദ്ഭുതം, വർക്ക് ചെയ്തു, എവിടെയോ നോക്കിനിന്ന അണ്ണൻ എന്റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. ചായ കുടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോയിക്കൂടേ എന്ന മെസ്സേജ് ടെലിപാത്തിക്കലി സെന്റ് ചെയ്തുകൊണ്ട് ഞാൻ എന്റെ താടികൊണ്ട് ആ യൂണിവേഴ്സൽ സിഗ്നൽ കാണിച്ചു. അണ്ണനും തല കുലുക്കി. എന്നിട്ട് തിരിഞ്ഞ് ഒരു ബൺ‌ ഓംലറ്റ് കൂടി ഓർഡർ ചെയ്തു. ഇതിന്റേം കൂടു കൊടുത്തേക്ക് എന്ന് എന്നോട് പറഞ്ഞിട്ട് അടുത്ത് വന്നിരുന്ന് പത്രത്തീൻ ഒരു പേജും വാങ്ങി വായന തുടങ്ങി. അയാൾക്ക് വായിക്കാനൊക്കെ അറിയാം എന്നത് എനിക്ക് അദ്ഭുതമായിരുന്നു. മനസ്സിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന "അണ്ണാ, ഒരു തിയറി ടെസ്റ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾക്ക് വീക്കിലി റേറ്റാണോ അവർലി റേറ്റ് ആണോ" എന്ന ചോദ്യം വിഴുങ്ങിയിട്ട് ഞാൻ വായന തുടർന്നു. കല്യാണം കഴിഞ്ഞ് ഒന്നുരണ്ട് തവണ ഓൾടെ അടുത്ത് ടെസ്റ്റ് ചെയ്യാൻ നോക്കിയിട്ട് ആകെ കിട്ടിയത് കഴുത്ത് വേദന ആണോ എന്ന ചോദ്യമാണ്. അതോടെ ആകെ തകർന്ന് പോയി.

ഇനിയിപ്പോ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ഗുണ്ടകളുടെ ആണ്. അതാകുമ്പോ ചിന്തകൾ വഴി നിർദ്ദേശം കൊടുക്കാനുള്ള സെറ്റപ്പൊക്കെ ആക്കി റെഡിയാക്കാം. ചിന്തിച്ചോണ്ട് നിൽക്കുമ്പോ പത്ത് സെക്കന്റുകൊണ്ട് ചിന്ത കാട് കേറുന്ന എനിക്ക് ! അതുമല്ല, ഈ മൈ* എന്നാ ലുക്കാന്നൊക്കെ അറിയാതെ ചിന്തിച്ച് പോയാ എ ഐ ഗുണ്ട എന്ത് ധരിക്കും ! പിന്നെ ഒരു ബാക്ക്പ്പ് പ്ലാനായി മനസ്സിൽ ഉണ്ടായിരുന്നത് എന്റെ തന്നെ ക്ലോണുകൾ ആയിരുന്നു. അതാകുമ്പോ ഞാൻ ചിന്തിക്കുന്നപോലെ ചിന്തിക്കും, ഞാൻ ചിരിക്കുന്നപോലെ ചിരിക്കും. ആ ലൈനിലുള്ള ഡിസൈനിങ്ങ് നല്ലരീതിയിൽ പുരോഗമിക്കുമ്പളാ റെസിഡന്റ് ഈവിൾ ഫൈനൽ ചാപ്റ്റർ കണ്ടത്. വേണ്ട, ക്ലോൺ വേണ്ട. എന്റെ ഈഗോയും അഹങ്കാരവുമുള്ള എന്നെത്തന്നെ ഞാൻ ഗുണ്ടയായി കൊണ്ടോയാൽ എന്റെ അന്ത്യമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. തോക്കുകൊണ്ട് അവന്റെ മണ്ടയ്ക്കൊന്ന് കൊടുക്കെടാന്ന് പറഞ്ഞാ പാത്തികൊണ്ട് വേണോ പാലം കൊണ്ട് വേണോ അതോ കൊഴലുകൊണ്ട് താങ്ങിയാ മതിയോന്നും ചോദിച്ച് അവൻ എന്നെ നോക്കുകയേ ഉള്ളു. സ്വപ്നത്തെ ദഹിപ്പിക്കണോ കുഴിച്ചിടണോ അതോ കൂടുതൽ പഠനത്തിനായി ഡൊണേറ്റ് ചെയ്യണോ എന്ന് ആലോചിച്ച് അതിലും ഒരു തീരുമാനമാക്കാൻ പറ്റാതെ കുത്തിയിരിക്കുന്നു.

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...