Sunday, September 1, 2019

പിണറായിയുടെ വീട് - മനോരമ സ്റ്റൈൽ

2012-07-16 08:49:59 ന് പോസ്റ്റ് ചെയ്തത്

പതിനൊന്നു മണിയോടെ ആണ് ഞങ്ങള്‍ പിണറായിയുടെ വീടിനു മുന്നില്‍ എത്തിയത്. കാറോടിച്ചുകൊണ്ടിരുന്ന പ്രദേശവാസിയായ എന്റെ സുഹൃത്ത്‌ ഹെല്‍മറ്റുകളും ബുള്ളറ്റ് പ്രൂഫ്‌ വെസ്റ്റും ധരിക്കാന്‍ പറഞ്ഞു. വിശാലമായ ഒരു കാട്. അതില്‍ നിന്നും ആനകള്‍ ചിഹ്നം വിളിക്കുന്നതും കടുവകള്‍ ഗര്ജ്ജിക്കുന്നതും കേള്‍ക്കാം. കാടിനുള്ളില്‍ പലയിടത് നിന്നും പുക ഉയരുന്നുണ്ടായിരുന്നു. ടെന്റുകെട്ടി ഒളിച്ചു താമസിക്കുന്ന കൊലയാളികള്‍ ഭക്ഷണം പാകം ചെയ്യുന്നതായിരിക്കണം. നിങ്ങളുടെ എല്ലാം അവസാനം ഇങ്ങനെ തന്നെ എന്ന് ഓര്‍മ്മിപ്പിക്കുംപോലെ പുകച്ചുരുളുകള്‍ ആകാശത്തിലേക്ക് ഉയര്‍ന്ന് പൊങ്ങുന്നത് നോക്കി ഞങ്ങള്‍ അല്‍പനേരം അവിടെത്തന്നെ നിന്നു. അല്പം മുന്നിലായി കാടിനുള്ളിലൂടെ അല്പം പോലും പരിസ്ഥിതി സൌഹൃദമാല്ലത്ത രീതിയില്‍ നിര്‍മ്മിച്ച റെയില്‍വേ പാത കാണാം. കവചിത കംപാര്‍ട്ട്മെന്റുകളും എന്‍ജിനുകളും അവിടെ നിര്‍ത്തിയിട്ടിരുന്നു. കാടിന് നടുവിലായി മധ്യകാലയൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച രമ്യഹര്‍മ്യം. അതിലെ രണ്ടോ മൂന്നോ ഗോപുരങ്ങള്‍ മാത്രമേ ശരിക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. ഗോപുരങ്ങളിലെ കിളിവാതിലില്‍ കൂടി തലനീട്ടി ചിരിക്കുന്ന സുന്ദരികളെ കാണാം. അകലത്തായിരുന്നിട്ടു കൂടി റഷ്യന്‍ സുന്ദരികള്‍ തന്നെ എന്ന് ഒറ്റനോട്ടത്തില്‍ അറിയാന്‍ സാധിക്കും. ഞാന്‍ ബാഗില്‍ നിന്നും എന്റെ ക്യാമറ പുറത്തെടുത്തു. ഗോപുരങ്ങളില്‍ ഒന്നിനെ ഫോക്കസ് ചെയ്തപ്പോളേക്കും ഉയര്‍ന്ന മതില്‍ക്കെട്ടിനു മുകളില്‍ മിസൈല്‍ ലോഞ്ചറുകള്‍ ഉയര്‍ന്ന് വന്നു. ഹെല്‍ഫയര്‍ മിസലുകള്‍ രണ്ടെണ്ണം നേരെ വന്നപ്പോള്‍ സുഹൃത്ത്‌ പെട്ടന്ന് കാര്‍ മുന്നോട്ടെടുത്തു. എന്റെ കയ്യില്‍ നിന്നു താഴെ വീണ ക്യാമറയെ ട്രാക്ക് ചെയ്തു വന്നതെന്നോണം പിന്നെയും നാല് മിസൈലുകള്‍ ആ ക്യാമറക്ക്‌ മുകളില്‍ പതിക്കുന്നത് ഞാന്‍ കണ്ടു. ഇക്കാര്യം സുഹൃത്ത്‌ നേരത്തെ സൂചിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. കാറിന്റെ പിന്‍സീറ്റില്‍ ശക്തിയായി മിടിക്കുന്ന ഹൃദയത്തെ സാന്ത്വനിപ്പിക്കാന്‍ കണ്ണുമടച്ചു കിടക്കുമ്പോള്‍ ആ ഹര്‍മ്യത്തിലെ രഹസ്യ അറയിലെവിടെയോ കടുവക്കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് ക്യാമറയും മൈക്രൊചിപ്പുകളുമായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍ ദിഗന്തങ്ങള്‍നടുങ്ങുമാറു പൊട്ടിച്ചിരിക്കുന്നത് എനിക്ക് ഭാവനയില്‍ കാണാമായിരുന്നു. ഏഴുമണിക്ക് ആണ് തിരികെയുള്ള ബസ് പുറപ്പെടുന്നത്. സമയം പാഴാക്കാതെ ഞങ്ങള്‍ കാളിയിലെ കള്ളുഷാപ്പിലേക്ക് തിരിച്ചു.

Thursday, August 29, 2019

ഷേവിങ്ങ്

2012-07-09 16:30:41 ന് പോസ്റ്റ് ചെയ്തത്

ബൈക്കിന്റെ ഒക്കെ പരസ്യം കാണിക്കുമ്പോ ഇത് ചെയ്യുന്നത് പ്രൊഫഷണലുകള്‍ ആണെന്നും നിങ്ങള്‍ ഇത് പരീക്ഷിക്കരുതെന്നും മുന്നറിയിപ്പ് കൊടുക്കാറുണ്ട്. എന്നാല്‍ ഷേവിങ്ങ് റേസറിന്റെ പരസ്യത്തില്‍ ഇതു ചെയ്യുന്നവര്‍ എക്സ്പീരിയന്‍സ്ട് ബാര്‍ബര്‍മാര്‍ ആണെന്നും നിങ്ങള്‍ ഇമ്മാതിരി പണികള്‍ പരീക്ഷിക്കരുതെന്നും പറയുന്നില്ല.

ബാംഗ്ലൂരില്‍ ജോലിയില്ലാതെ ഇരിക്കുന്ന 2009 ന്റെ ആദ്യപകുതിയില്‍ ആണ് ഞാന്‍ ജില്ലറ്റിന്റെ പരസ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ഷേവിങ്ങ് ഒരു സ്വകാര്യ ആഡംബരം ആണെന്ന ചിന്ത മനസ്സിലുണ്ടായിരുന്നതിനാല്‍ സ്വന്തം ചെലവില്‍ തന്നെ വേണം ഇഷ്ടമുള്ള ഒരു റേസര്‍ വാങ്ങാന്‍ എന്നു ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ആദ്യത്തെ ജോലി കിട്ടി. ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് ശമ്പളം തരില്ലെന്ന്. രണ്ടാം മാസം മുതല്‍ ബസ് പാസ് തരാന്‍ തുടങ്ങി. മത്തിക്കെരെയില്‍ നിന്നും രഘുവനഹള്ളി വരെയുള്ള നീണ്ട യാത്രയില്‍ മുഴുവന്‍ ഞാന്‍ പരസ്യത്തിലെ പച്ചത്താടിയുള്ള മോഡലിനെപ്പോലെ ഇടത്തുനിന്നും വലത്തേക്ക് ഒരൊറ്റ വലിയില്‍ ഷേവിങ്ങ് തീര്‍ക്കുന്ന നല്ല കാലം സ്വപ്നം കണ്ടു. നാലാം മാസം തുടങ്ങിയപ്പോ തന്നെ സോള്‍ഡറിങ്ങ് അയണ്‍, മള്‍ട്ടിമീറ്റര്‍ ഒക്കെ കൊണ്ടുപോയി റൂമില്‍ വച്ചു. കാമുകിക്ക് ബിരിയാണി വാങ്ങിക്കൊടുക്കാന്‍ മാത്രം കയ്യില്‍ കാശുണ്ടായിരുന്ന മുതലാളിക്ക് അന്ത്യശാസനം (മൂന്നാമത്തേത്) കൊടുത്തു. (ഇല്ലെങ്കില്‍ ടൂളുകള്‍ ജപ്തി ചെയ്യാന്‍ ആയിരുന്നു പ്ലാന്‍. ഒരു എല്‍സിഡി മോണിറ്റര്‍ താഴെയിട്ടു പൊട്ടിക്കാനും രണ്ട് മൈക്രോ കണ്ട്രോളര്‍ പ്രോഗ്രാമറുകള്‍ അടിച്ചു മാറ്റാനും പ്ലാന്‍ ഉണ്ടായിരുന്നു). അങ്ങനെ ആ മാസം അവസാനം ബസ് പാസ് കൂടാതെ നാലായിരം രൂപ കിട്ടി. ജോക്കി പിന്നെ വാങ്ങാം എന്നു മുന്നേ തീരുമാനിച്ചിരുന്നു. നേരെ സ്റ്റോപ്പില്‍ ഉള്ള കടയില്‍ പോയി ജില്ലറ്റ് വെക്ടര്‍ പ്ലസ്സ് ഒരെണ്ണം, ഓള്‍ഡ് സ്പൈസ് ഷേവിങ്ങ് ക്രീം, ആഫ്റ്റര്‍ ഷേവ് എന്നിവയും വാങ്ങി തുള്ളിച്ചാടിക്കോണ്ടിരുന്ന മനസ്സിനെ ഷേവിങ്ങ് ക്രീമിന്റെ പാക്കറ്റിനടിയില്‍ അമര്‍ത്തിവച്ച് റൂമിലെത്തി. ഭാഗ്യം.. വേറെ ആരും എത്തിയിട്ടില്ല. കണ്ണാടിക്കു മുന്നില്‍ നിന്ന് അഭിമാനത്തോടെ താടിയില്‍ ഒക്കെ ക്രീം തേച്ചുപതച്ചുവച്ചു. ഒന്നുകൂടി നോക്കിയപ്പോള്‍ ഒരു മനപ്രയാസം.. പരസ്യത്തിലെ മോഡലിന്റെ പോലെ താടിക്ക് അത്ര പച്ചനിറമില്ല. വെളുപ്പും. പിന്നെ ഏതായാലും മോഡലിങ്ങിനൊന്നും പോകുന്നില്ലല്ലോ എന്ന സമാധാനത്തോടെ, വിറക്കുന്ന കൈകള്‍ കൊണ്ട് റേസര്‍ എടുത്തു. ഇത്രക്ക് സൗന്ദര്യം എന്തായാലും പരസ്യത്തിലെ റേസറിനില്ല എന്ന ആത്മഗതത്തോടെ ഇടത്തുനിന്നും വലത്തേക്കു, പരസ്യത്തിലെ പോലെ ആഞ്ഞോരു വലി.. സംഭവം കൊള്ളാം. ഒരു യുദ്ധം ജയിച്ച ഫീലിങ്ങ്. എന്നാലും അത്ര പോര. ഒന്നൂടെ നോക്കിക്കളയാം.. വീണ്ടും ക്രീം പതച്ചു. റേസര്‍ കയ്യിലെടുത്തു.. കണ്ണാടിയില്‍ നോക്കി.. വെള്ള നിറമുള്ള ക്രീമില്‍ ആകെ ചെറീയ ചുവന്ന പൊട്ടുകള്‍.. കുറേ എണ്ണം ഉണ്ട്. ഞാന്‍ നോക്കി നില്ക്കുമ്പോ തന്നെ ആ പൊട്ടുക്കള്‍ വളര്‍ന്നു വരുന്നു. ചോരപ്പൊട്ടുകള്‍.. മുഖം കഴുകിനോക്കുമ്പോ കവിളിലും താടിയിലും ഒക്കെ ഒരുപാട് മുറിവുകള്‍.. പിന്നെ ഒന്നും ആലോചിക്കാതെ ആഫ്റ്റര്‍ഷേവ് രണ്ടു കയ്യിലും ആക്കി രണ്ടുകവിളും പൊത്തി. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. മഴവില്ലില്‍ പതിനേഴില്‍ കൂടുതല്‍ നിറങ്ങള്‍ ഉണ്ടെന്നും സൂക്ഷിച്ചുനോക്കിയാല്‍ സ്വര്‍ണ്ണനിറമുള്ള നക്ഷത്രങ്ങളെ അതിന്റെ പിന്നില്‍ കാണാം എന്നും ഞാന്‍ മനസ്സിലാക്കി. കാവല്‍ മാലാഖ, ആത്മാവ് ഇവയൊക്കെ ശരിക്കും ഉള്ളതാണെന്നും സൂക്ഷിച്ചു നോക്കിയാലും ക്ളിയറായി കാണാന്‍ കഴിയില്ലെന്നും ഞാന്‍ ഉറപ്പിച്ചു. നരകത്തിലെ തീ കവിളിനെ മാത്രമേ പൊള്ളിക്കൂ എന്നും മനസ്സിലായി.

ഒരു നല്ല ഷേവിങ്ങ് അനുഭവം ഉണ്ടായില്ലെങ്കില്‍ കാശ് തിരിച്ചു കിട്ടും എന്നൊക്കെ കവറിന്റെ പുറത്ത് എഴുതിയിട്ടുണ്ട്. രണ്ട് മിനിറ്റ് ആലോചിച്ച ശേഷം അപ്പുറത്തെ ബിഇഎല്‍ കോംപൗണ്ടിലേക്ക് ഞാന്‍ ആ വെക്ടറെ വലിച്ചെറിഞ്ഞു. വന്ന് കട്ടിലില്‍ ഫാന്‍ കറങ്ങുന്നതും നോക്കി കിടക്കുമ്പോള്‍ എന്തിനാണെന്നറിയില്ലെങ്കിലും രണ്ടുകണ്ണൂം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇതിൽ വി എം ഇങ്ങനെ കമന്റ് ചെയ്തിരുന്നു:
2012-07-09 10:44:15 VINOD GOPINATH
ആദ്യ പരീക്ഷണം മുഖത്തായത് നന്നായി..അല്ലേൽ ജീവിതം മുഴുവൻ കരയാമായിരുന്നു :)

സർവ്വേ

2012-07-07 04:25:14 ന് പോസ്റ്റ് ചെയ്തത്

പഞ്ചായത്തില്‍ നിന്നും കിണര്‍ കക്കൂസ് സര്‍വേ നടത്താന്‍ വന്ന ഓഫീസര്‍ അമ്മൂമ്മ മാത്രം താമസിക്കുന്ന വീട്ടില്‍:

ഓഫി: അമ്മൂമ്മേ ഇവിടെ കകൂസ് ഉണ്ടോ?

അമ്മൂമ്മ: പുറകുവശത്ത് ഉണ്ട്

ഓഫി: കിണറോ?

അമ്മൂമ്മ: മോന്‍ പോയി ഇരുന്നോ. വെള്ളം ഞാന്‍ കൊണ്ടുവരാം..

ഫോട്ടോസ്റ്റാറ്റ്

2012-06-25 11:14:43 ന് പോസ്റ്റ് ചെയ്തത്

ഒറിജിനല്‍ സംഭാഷണം നടന്നത് കന്നടയില്‍ ആയിരുന്നു. മലയാളം തര്‍ജ്ജിമ ചേര്‍ക്കുന്നു.

അണ്ണാ ഫോടോസ്ടാറ്റ് എടുക്കുമോ?

അത് ഇവിടെയല്ല. അപ്പുറത്ത് സ്റ്റുഡിയോ ഉണ്ട്.

അതല്ല അണ്ണാ, ഫോട്ടോ കോപ്പി.

അതും സ്റ്റുഡിയോയില്‍ ആണ്.

അണ്ണാ ക്സിറോക്സ്..

എന്ത്?

ആഹ്.. ജീറാക്സ് ഉണ്ടോ?

ഓ അത്, എത്ര കോപ്പി വേണം?

ബ്രാന്‍ഡ് നെയിമുകള്‍ പ്രോഡക്റ്റ് നെയിമുകള്‍ ആയ എത്ര സംഭവങ്ങള്‍ നിങ്ങള്‍ക്കറിയാം? ഫ്രിഡ്ജ് പോലെ.

ആഗ്രഹങ്ങൾ

2012-06-25 16:04:47 ന് റബ്ബർ തോട്ടത്തിന്റെ ചിത്രവുമായി പോസ്റ്റ് ചെയ്തത്. യെന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു !

ഈ റബ്ബര്‍ മരങ്ങള്‍ ടാപ്പിങ്ങിനു തയ്യാറായാല്‍ ഉടനെതന്നെ ജോലിയൊക്കെ രാജി വച്ച് കൂടും കുടുക്കയുമായി നാടണയും. ഏകാന്തത വേട്ടയാടാതിരിക്കാനായി ഇപ്പോള്‍ പ്രണയവും അപ്പോള്‍ വിവാഹവും പരിഗണിക്കുന്നു. താല്പര്യമുള്ള യുവതികളില്‍ നിന്നും യുവതികളുടെ സുഹൃത്തുക്കളില്‍ നിന്നും പ്രണയാഭ്യര്‍ഥനകള്‍ ക്ഷണിക്കുന്നു.. നിബന്ധനകള്‍ താഴെപ്പറയും വിധം..

സി പ്രോഗ്രാമിംഗ് നിര്‍ബന്ധം ആണ്.
ഒരു സ്ക്രിപ്ടിംഗ് ലാംഗ്വേജ് കൂടി അറിയുന്നത് നല്ലതായിരിക്കും.
ലിനക്സ് ഉപയോഗിക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ഞാന്‍ രാവിലെ ഉണര്‍ന്ന് റബ്ബര്‍ ടാപ്പ് ചെയ്യാന്‍ പോകും. ടാപ്പിംഗ് കഴിയുമ്പോളേക്കും ചെണ്ടമുറിയന്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചെറിയ ചുവന്നുള്ളിയും ഉപ്പും വിനാഗിരിയും ചേര്‍ത്ത് ചതച്ചതും കട്ടന്‍ കാപ്പിയുമായി തോട്ടത്തിന്റെ ഓരത്ത് എന്നെ കാത്തു നില്‍ക്കണം.
ഞാന്‍ ഹെഡ്ലൈറ്റ് ഒക്കെ പിടിപ്പിച്ചു റബ്ബര്‍ കത്തിയുമായി ലുങ്കിയും മാടിക്കുത്തി സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ കപ്പയും കാപ്പിയും താഴെ വച്ച് രണ്ടു കയുഉം കവിളില്‍ ചേര്‍ത്ത് വച്ച് വികാര തീവ്രതയോടും ആരാധനയോടും അട്ഭുതതോടെയും കൂടെ എന്നെ നോക്കി നിക്കണം.
ഞാന്‍ അടുത്തെത്തുമ്പോള്‍ ഹോ ഷാരൂഖ് ഖാനെ പോലെ ഉണ്ടായിരുന്നു ആ നടപ്പ് എന്ന് പറയണം.
ഞാന്‍ എന്റെ ഗാലക്സി ടാബില്‍ ആ ദിവസത്തെ ടാപ്പിംഗ് സ്ഥിതിവിവരകണക്കുകള്‍ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞ് തോട്ടത്തിന്റെ അരികില്‍ വച്ച് റൊമാന്റിക് ആയ കാപ്പികുടി കഴിഞ്ഞ് വീട്ടിലേക്ക്.
പ്രഭാതഭക്ഷണം ഉച്ചഭക്ഷണം ഇവക്കൊന്നും നിബന്ധനകളില്ല.
വൈകിട്ട് തോട്ടത്തിലെ പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ എണ്ണയും (ആഴ്ചയില്‍ രണ്ടു ദിവസം ഷാമ്പൂ ആവാം) സോപ്പും തന്നു എന്നെ കുളിക്കാന്‍ തള്ളിവിടണം.
കുളി കഴിഞ്ഞ് വരുമ്പോള്‍ ഒരു പെഗ് ഓ എം ആറില്‍ സ്പ്രൈടും ഒഴിച്ച് കാത്തിരിക്കണം. വേണമെങ്കില്‍ കുടിക്കാവുന്നതാണ്. മദ്യപാന സമയത്ത് നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ചൂടുള്ള സംവാദം, പീഡനകേസുകളുടെ അവലോകനം എന്നിവ ഉണ്ടായിരിക്കും.
അത്താഴം കഴിഞ്ഞ് ഒരു മണിക്കൂര്‍ റോമാന്റിക്കായ പ്രോഗ്രാമിംഗ് മത്സരം, മുക്കാല്‍ മണിക്കൂര്‍ പ്ലസ്സിംഗ് എന്നിവ ഉണ്ടായിരിക്കും. വിവാഹ ശേഷം പ്ലസ്സിംഗ് കുറയ്ക്കുക എന്നുള്ളത് എന്റെ തീരുമാനമാണ്. പക്ഷെ കുട്ടിക്ക് പ്ലസ്സിങ്ങിനു ഒരു വിധ നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഇ-മെയില്‍ പാസ്വേഡ് ചോദിക്കുക, ഇ-മെയില്‍ തുറന്നു നോക്കുക, അതിന്റെ മേലെ ബഹളമുണ്ടാക്കുക തുടങ്ങി ഒരുവിധ അലമ്പുകളും ഉണ്ടായിരിക്കുന്നതല്ല.
രാത്രി പാല്‍ ശീലമില്ല. പിരിഞ്ഞാലോ.. പ്ലസ്സിങ്ങും പ്രോഗ്രാമിംഗ് റൊമാന്‍സും കഴിഞ്ഞ്... (നാണം)..
പിന്നെ ഞാന്‍ ഒരു സംഭവമാണെന്ന് ഇടയ്ക്കിടയ്ക്ക് പറയണം. എന്നോട് പറയണ്ട. എനിക്കതറിയാം. അയല്‍ക്കാരികള്‍, സുന്ദരികളായ സുഹൃത്തുക്കള്‍ എന്നിവരോടൊക്കെ പറഞ്ഞാല്‍ മതി.
സംസാരത്തിനിടയില്‍ എന്റെ കാര്യം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം എന്ന് തന്നെ ഉപയോഗിക്കണം.
തീയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രശ്നമില്ല. വിളിക്കരുത്. വേണമെങ്കില്‍ സ്വന്തം പോയി കാണാം.
ക്രെഡിറ്റ് കാര്‍ഡ് എടുത്തു തരില്ല. എന്റെ പോക്കറ്റില്‍ നിന്നും കാശേടുതാമതി. പറയണമെന്നോന്നുമില്ല.
എന്റെ മുറിയിലുള്ള ഇ എം എസ്, നായനാര്‍, ചെഗുവേര തുടങ്ങിയവരുടെ ചിത്രങ്ങള്‍ തുടച്ചു വൃത്തിയാക്കി വെക്കണം.
എന്റെ തുണികള്‍ ഞാന്‍ തന്നെ അലക്കുന്നതായിരിക്കും. അടുക്കളയും വീടും ഒരു കാരണവശാലും അലങ്കോലമാക്കി ഇടാന്‍ പാടില്ല. അടുക്കും ചിട്ടയും നിര്‍ബന്ധമാണ്‌. ഇത്രയൊക്കെ ഉള്ളൂ.. സിമ്പിള്‍ റൈറ്റ്..??"

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...