Thursday, August 29, 2019

ഷേവിങ്ങ്

2012-07-09 16:30:41 ന് പോസ്റ്റ് ചെയ്തത്

ബൈക്കിന്റെ ഒക്കെ പരസ്യം കാണിക്കുമ്പോ ഇത് ചെയ്യുന്നത് പ്രൊഫഷണലുകള്‍ ആണെന്നും നിങ്ങള്‍ ഇത് പരീക്ഷിക്കരുതെന്നും മുന്നറിയിപ്പ് കൊടുക്കാറുണ്ട്. എന്നാല്‍ ഷേവിങ്ങ് റേസറിന്റെ പരസ്യത്തില്‍ ഇതു ചെയ്യുന്നവര്‍ എക്സ്പീരിയന്‍സ്ട് ബാര്‍ബര്‍മാര്‍ ആണെന്നും നിങ്ങള്‍ ഇമ്മാതിരി പണികള്‍ പരീക്ഷിക്കരുതെന്നും പറയുന്നില്ല.

ബാംഗ്ലൂരില്‍ ജോലിയില്ലാതെ ഇരിക്കുന്ന 2009 ന്റെ ആദ്യപകുതിയില്‍ ആണ് ഞാന്‍ ജില്ലറ്റിന്റെ പരസ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ഷേവിങ്ങ് ഒരു സ്വകാര്യ ആഡംബരം ആണെന്ന ചിന്ത മനസ്സിലുണ്ടായിരുന്നതിനാല്‍ സ്വന്തം ചെലവില്‍ തന്നെ വേണം ഇഷ്ടമുള്ള ഒരു റേസര്‍ വാങ്ങാന്‍ എന്നു ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ആദ്യത്തെ ജോലി കിട്ടി. ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് ശമ്പളം തരില്ലെന്ന്. രണ്ടാം മാസം മുതല്‍ ബസ് പാസ് തരാന്‍ തുടങ്ങി. മത്തിക്കെരെയില്‍ നിന്നും രഘുവനഹള്ളി വരെയുള്ള നീണ്ട യാത്രയില്‍ മുഴുവന്‍ ഞാന്‍ പരസ്യത്തിലെ പച്ചത്താടിയുള്ള മോഡലിനെപ്പോലെ ഇടത്തുനിന്നും വലത്തേക്ക് ഒരൊറ്റ വലിയില്‍ ഷേവിങ്ങ് തീര്‍ക്കുന്ന നല്ല കാലം സ്വപ്നം കണ്ടു. നാലാം മാസം തുടങ്ങിയപ്പോ തന്നെ സോള്‍ഡറിങ്ങ് അയണ്‍, മള്‍ട്ടിമീറ്റര്‍ ഒക്കെ കൊണ്ടുപോയി റൂമില്‍ വച്ചു. കാമുകിക്ക് ബിരിയാണി വാങ്ങിക്കൊടുക്കാന്‍ മാത്രം കയ്യില്‍ കാശുണ്ടായിരുന്ന മുതലാളിക്ക് അന്ത്യശാസനം (മൂന്നാമത്തേത്) കൊടുത്തു. (ഇല്ലെങ്കില്‍ ടൂളുകള്‍ ജപ്തി ചെയ്യാന്‍ ആയിരുന്നു പ്ലാന്‍. ഒരു എല്‍സിഡി മോണിറ്റര്‍ താഴെയിട്ടു പൊട്ടിക്കാനും രണ്ട് മൈക്രോ കണ്ട്രോളര്‍ പ്രോഗ്രാമറുകള്‍ അടിച്ചു മാറ്റാനും പ്ലാന്‍ ഉണ്ടായിരുന്നു). അങ്ങനെ ആ മാസം അവസാനം ബസ് പാസ് കൂടാതെ നാലായിരം രൂപ കിട്ടി. ജോക്കി പിന്നെ വാങ്ങാം എന്നു മുന്നേ തീരുമാനിച്ചിരുന്നു. നേരെ സ്റ്റോപ്പില്‍ ഉള്ള കടയില്‍ പോയി ജില്ലറ്റ് വെക്ടര്‍ പ്ലസ്സ് ഒരെണ്ണം, ഓള്‍ഡ് സ്പൈസ് ഷേവിങ്ങ് ക്രീം, ആഫ്റ്റര്‍ ഷേവ് എന്നിവയും വാങ്ങി തുള്ളിച്ചാടിക്കോണ്ടിരുന്ന മനസ്സിനെ ഷേവിങ്ങ് ക്രീമിന്റെ പാക്കറ്റിനടിയില്‍ അമര്‍ത്തിവച്ച് റൂമിലെത്തി. ഭാഗ്യം.. വേറെ ആരും എത്തിയിട്ടില്ല. കണ്ണാടിക്കു മുന്നില്‍ നിന്ന് അഭിമാനത്തോടെ താടിയില്‍ ഒക്കെ ക്രീം തേച്ചുപതച്ചുവച്ചു. ഒന്നുകൂടി നോക്കിയപ്പോള്‍ ഒരു മനപ്രയാസം.. പരസ്യത്തിലെ മോഡലിന്റെ പോലെ താടിക്ക് അത്ര പച്ചനിറമില്ല. വെളുപ്പും. പിന്നെ ഏതായാലും മോഡലിങ്ങിനൊന്നും പോകുന്നില്ലല്ലോ എന്ന സമാധാനത്തോടെ, വിറക്കുന്ന കൈകള്‍ കൊണ്ട് റേസര്‍ എടുത്തു. ഇത്രക്ക് സൗന്ദര്യം എന്തായാലും പരസ്യത്തിലെ റേസറിനില്ല എന്ന ആത്മഗതത്തോടെ ഇടത്തുനിന്നും വലത്തേക്കു, പരസ്യത്തിലെ പോലെ ആഞ്ഞോരു വലി.. സംഭവം കൊള്ളാം. ഒരു യുദ്ധം ജയിച്ച ഫീലിങ്ങ്. എന്നാലും അത്ര പോര. ഒന്നൂടെ നോക്കിക്കളയാം.. വീണ്ടും ക്രീം പതച്ചു. റേസര്‍ കയ്യിലെടുത്തു.. കണ്ണാടിയില്‍ നോക്കി.. വെള്ള നിറമുള്ള ക്രീമില്‍ ആകെ ചെറീയ ചുവന്ന പൊട്ടുകള്‍.. കുറേ എണ്ണം ഉണ്ട്. ഞാന്‍ നോക്കി നില്ക്കുമ്പോ തന്നെ ആ പൊട്ടുക്കള്‍ വളര്‍ന്നു വരുന്നു. ചോരപ്പൊട്ടുകള്‍.. മുഖം കഴുകിനോക്കുമ്പോ കവിളിലും താടിയിലും ഒക്കെ ഒരുപാട് മുറിവുകള്‍.. പിന്നെ ഒന്നും ആലോചിക്കാതെ ആഫ്റ്റര്‍ഷേവ് രണ്ടു കയ്യിലും ആക്കി രണ്ടുകവിളും പൊത്തി. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. മഴവില്ലില്‍ പതിനേഴില്‍ കൂടുതല്‍ നിറങ്ങള്‍ ഉണ്ടെന്നും സൂക്ഷിച്ചുനോക്കിയാല്‍ സ്വര്‍ണ്ണനിറമുള്ള നക്ഷത്രങ്ങളെ അതിന്റെ പിന്നില്‍ കാണാം എന്നും ഞാന്‍ മനസ്സിലാക്കി. കാവല്‍ മാലാഖ, ആത്മാവ് ഇവയൊക്കെ ശരിക്കും ഉള്ളതാണെന്നും സൂക്ഷിച്ചു നോക്കിയാലും ക്ളിയറായി കാണാന്‍ കഴിയില്ലെന്നും ഞാന്‍ ഉറപ്പിച്ചു. നരകത്തിലെ തീ കവിളിനെ മാത്രമേ പൊള്ളിക്കൂ എന്നും മനസ്സിലായി.

ഒരു നല്ല ഷേവിങ്ങ് അനുഭവം ഉണ്ടായില്ലെങ്കില്‍ കാശ് തിരിച്ചു കിട്ടും എന്നൊക്കെ കവറിന്റെ പുറത്ത് എഴുതിയിട്ടുണ്ട്. രണ്ട് മിനിറ്റ് ആലോചിച്ച ശേഷം അപ്പുറത്തെ ബിഇഎല്‍ കോംപൗണ്ടിലേക്ക് ഞാന്‍ ആ വെക്ടറെ വലിച്ചെറിഞ്ഞു. വന്ന് കട്ടിലില്‍ ഫാന്‍ കറങ്ങുന്നതും നോക്കി കിടക്കുമ്പോള്‍ എന്തിനാണെന്നറിയില്ലെങ്കിലും രണ്ടുകണ്ണൂം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇതിൽ വി എം ഇങ്ങനെ കമന്റ് ചെയ്തിരുന്നു:
2012-07-09 10:44:15 VINOD GOPINATH
ആദ്യ പരീക്ഷണം മുഖത്തായത് നന്നായി..അല്ലേൽ ജീവിതം മുഴുവൻ കരയാമായിരുന്നു :)

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...