Sunday, January 5, 2020

ഭക്ഷണം

ഒന്നാമത്തെ സംഭവം: ഓഫീസിൽ നിന്ന് കിട്ടിയ ഒരു പാക്കറ്റ് പേഡയുമായി വൈ വരുന്നു. എക്സിന്റെ കയ്യിൽ പേഡയുടെ പാക്കറ്റ് കൊടുക്കുന്നു.
എക്സ്: വൗ, വണ്ടർഫുൾ, നീയെനിക്ക് ഇത് കൊണ്ടുവന്ന് തന്നല്ലോ. നന്ദി. എനിക്കിത് വളരെ ഇഷ്ടമാണ്.
അനന്തരം എക്സ് ഒരു പേഡ എടുത്ത് ആസ്വദിച്ച് നുണയാൻ തുടങ്ങുകയും പേഡയുടെ പാക്കറ്റ് സ്നേഹപൂർവ്വം വൈയുടെ നേരെ നീട്ടുകയും ചെയ്യുന്നു.
വൈ: എനിക്ക് ഫുൾ പേഡ വേണ്ട, എക്സേട്ടന്റെ പേഡേന്ന് ഒരു കഷണം മതി.
എക്സ്: അതിപ്പോ.. ഇതിൽ ഒരുപാടെണ്ണം ഉണ്ടല്ലോ. ഒരെണ്ണം തിന്നൂ, ആഴ്ചയിൽ ഒന്നൊക്കെ തിന്നാൽ ഡയറ്റിനെ ബാധിക്കാനൊന്നും പോകുന്നില്ല.
വൈ: ങും, എനിക്കൊരു പീസ് മതി
എക്സ്: ശരി, ഒരെണ്ണത്തിന്റെ പീസ് എടുത്ത് കഴിക്കൂ. ബാക്കി ഇതിൽ ഇട്ടേക്ക്. ഞാൻ പിന്നെ കഴിച്ചോളാം
വൈ: എനിക്ക് അതിൽന്ന് ഒരു പീസ് തന്നാലെന്താ?
എക്സ്: ഇത്രേം എണ്ണം ഉള്ളപ്പോ എന്തിനാ ഇതീന്ന് പീസ് തരുന്നത് ! എനിക്കിത് മുഴുവൻ വേണം
വൈ: അതീന്നൊരു പീസ് എനിക്ക് തന്നാലെന്താ?
എക്സ്: അത് വിവരിക്കാൻ പ്രയാസമാണ്. ഞാൻ ഒരു പേഡ മുഴുവൻ കഴിക്കണം എന്ന പ്ലാനിൽ തുടങ്ങിയതാണ്. അത് മുറിച്ച് പീസ് തന്നാൽ എനിക്ക് കംപ്ലീഷൻ ഫീൽ കിട്ടില്ല. അതിന്ന് മുഴുവൻ ഒരു അസ്വസ്ഥത ആയി കിടക്കും.
വൈ: എനിക്കറീയാം .. .. .. <വിതുമ്പൽ> <പരാതി>
എക്സ്: എനിക്കിനി പേഡ വേണ്ട

രണ്ടാമത്തെ സംഭവം: ഹോട്ടലിൽ ലഞ്ച് കഴിക്കാൻ പോയിടത്ത്
എക്സ്: വൈ, ജ്യൂസ് വേണ്ടേ?
വൈ: ഓറഞ്ച് ജ്യൂസ് മതി
എക്സ്: വെയിറ്ററണ്ണാ, 2 ഓറഞ്ച് ജ്യൂസ്
വെയിറ്റർ: ഇപ്പോ എടുക്കണോ? അതോ ലഞ്ച് കഴിഞ്ഞ് മതിയോ?
എക്സ് വൈയോട്: എന്ത് പറയുന്നു?
വൈ: എനിക്ക് ലഞ്ച് കഴിഞ്ഞ് മതി
എക്സ്: ഇപ്പോ വാങ്ങിക്കോന്നേ, അതാകുമ്പോ ലഞ്ച് വരുന്നവരെ ചുമ്മാ നുണഞ്ഞിരിക്കാല്ലോ
വൈ: ഓ, എനിക്ക് ഇപ്പോ വേണ്ട
എക്സ് വെയിറ്ററോട്: എന്നാൽ ഒരെണ്ണം ഇപ്പോ തന്നേക്ക്. ഒന്ന് പിന്നെ മതി.
രണ്ട് മിനിറ്റ് കഴിഞ്ഞ് വെയിറ്റർ ജ്യൂസുമായി വന്നു. എക്സ് ജ്യൂസ് നുണയാൻ തുടങ്ങി.
വൈ: എനിക്കും താ
എക്സ്: നീയല്ലേ ഇപ്പോ വേണ്ടാന്ന് പറഞ്ഞേ?
വൈ: എനിക്കൊരു സിപ്പ് മതി ഇപ്പോ
എക്സ്: നിനക്കൊരു ഫുൾ ഗ്ലാസ് ജ്യൂസ് വരുന്നുണ്ടല്ലോ. ഇപ്പോ വേണ്ടന്ന് പറഞ്ഞിട്ട് പിന്നെന്തിനാ സിപ്പ്? ഞാൻ ചോദിച്ചതല്ലേ
വൈ: തരാൻ പറ്റുമോ ഇല്ലയോ?
എക്സ്: ഇതെന്റെ ജ്യൂസ്സാ. തരില്ലാ
വൈ: എനിക്കറിയാം .. .. ..
എക്സ്: ഇന്നാ കുടിയ്ക്കു
വൈ: എനിക്ക് വേണ്ടാ
എക്സ്: കുടിച്ചില്ലേൽ ഞാൻ നിന്റെ മേത്തൊഴിക്കും ജ്യൂസ്. എന്നിട്ട് ഇവിടന്ന് അലറും. എന്നിട്ട് ഞാൻ ആ വഴിയിലൂടെ ഓടും
വൈ ഹാപ്പിയായി ജ്യൂസ് കുടിക്കുന്നു. എക്സ് പല്ലും കടിച്ച് മേലോട്ട് നോക്കി ഇരിക്കുന്നു. (മനസ്സിൽ അലറുന്നു).

ഒരെണ്ണം മാത്രമുള്ളപ്പോ പാതിയിലധികം സന്തോഷത്തോടെ പകുത്ത് കൊടുത്ത് ഊട്ടുന്നത് ഒന്നൂടി ചിന്തിക്കണ്ട ആവശ്യമില്ലാത്ത കാര്യമാണ്. പക്ഷേ അതിന്റെ ഒരു ആവശ്യവും ഇല്ലാത്തിടത്ത് ഇതുപോലെ മറ്റെ ആളുടെ പ്ലേറ്റിന്ന് തന്നെ കഴിക്കണം, അതും വേണ്ടെന്ന് പറഞ്ഞിട്ട് പിന്നെ എന്നൊക്കെ നിർബന്ധം പിടിക്കുന്നത് എന്ത് ന്യായമാണ്? രണ്ടാളും ഓരോ ഐറ്റം വാങ്ങി ഷെയർ ചെയ്യുന്നത് പോലെയും അല്ലല്ലോ. കഴിച്ച് തുടങ്ങിയാൽ പ്ലേറ്റിൽ നിന്ന് കൂട്ടലും കുറയ്ക്കലും നടത്തെപ്പെടുന്നത് ഇഷ്ടമില്ലാത്ത മറ്റാരെങ്കിലും ?

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...