Sunday, July 5, 2020

ലേറ്റ് നൈറ്റ് ചാറ്റ്

അന്ധകാരം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു. ചീവീടുകളുടെ കരച്ചിലും മൂങ്ങയുടെ മൂളലുകളും യക്ഷികളുടെ നിശ്വാസങ്ങളും എല്ലാം ഉച്ചസ്ഥായിലായിരിക്കുന്നു. ഉറക്കം മാത്രം വരുന്നില്ല. പ്രതീക്ഷകളൊക്കെ അവസാനിപ്പിച്ച് ബെഡ്ഡിലേയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അതാ സ്ക്രീനിനു മുകളിലൊരു കുങ്കുമപ്പോട്ട്.. ഹോ നോട്ടിഫിക്കേഷൻ !

വൗ, പഴയ ക്രഷ് ! ഇവൾ ഈ സമയത്ത് ! ആ വർഷങ്ങൾക്കെല്ലാം അപ്പുറം ! അപ്പോൾ അവൾക്ക് എന്നോടും തോന്നിയിരുന്നിട്ടുണ്ടാകുമോ ഒരടുപ്പം? ഇപ്പോ തന്നെ ചാടിക്കയറി ആക്സപ്റ്റ് ചെയ്താൽ അവളെന്ത് കരുതും.. ഞാൻ ഡെസ്പറേറ്റ് ആണെന്ന് കരുതിയാലോ. നന്നായി മസിലുപിടിക്കണം. ഇന്നെന്തായാലും അവിടെ നിക്കട്ട്.. നാളെ രാവിലെ നോക്കാം. വിടൂ, എന്നെ വിടൂ, ഞാൻ പോകട്ടെ, ഉറങ്ങട്ടെ.. കയ്യിന്ന് വിടാൻ.. ദാ പോയി ! ക്ലിക്ക് ചെയ്തു ! സമാധാനമായല്ലോ എന്നെ നാണം കെടുത്തിയപ്പോ !

ആത്മ: നമ്മൾ ഒന്നാണ്.

ഞാ: അല്ല, നീ ഒരു തോൽവി ആണ്

ആത്മ: കോപ്പാണ്. നിന്റെ തോൽവികൾ ആണ് എന്റെ തോൽവികൾ. ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇപ്പോ ഈ അവസ്ഥ വരുമായിരുന്നോ !

ഞാ: സീ, ദ ലാസ്റ്റ് തിങ്ങ് വീ വാണ്ട് റൈറ്റ് നൗ ഈസ് ആൻ ഇന്റേണൽ കോൺഫ്ലിക്റ്റ്. ഈ വർഷങ്ങൾക്കെല്ലാം അപ്പുറം എന്റെ പ്രണയം ഇതാ എന്നെ അന്വേഷിച്ച് വന്നിരിക്കുന്നു. ഇതിലപ്പുറം എന്ത് വിജയം വേണമെനിക്ക് ! അവളെ സ്വപ്നം കാണാൻ പറ്റുമെങ്കിൽ ഉറങ്ങാനല്ല, മരിക്കാൻ വരെ ഞാൻ തയ്യാറാണ്.

ആത്മ: ഒവ്വ. ദാ അവള് ഹായ് അയച്ചു.

ഞാ: ഹി

ആത്മ: ആ കീബോർഡ് ഒന്ന് സ്വിച്ച് ചെയ്ത് കൂടേ അലവലാതീ ! ഹീ എന്നോ? എന്താണിത്? കണ്ടപ്പളേ അവൾ ഇട്ടിട്ട് പോയിക്കാണും.

ഞാ: ഒന്ന് മിണ്ടാതിരി, ദാ അവള്, ടൈപ്പിങ്ങ്.. ടൈപ്പിങ്ങ്

ആത്മ: കോട്ടുവാ

അവൾ: <ടൈപ്പിങ്ങ്>

ആത്മ: പോവാം? ഒറങ്ങാം?

ഞാ: പ്ഫാ, എന്നെക്കൊണ്ട് ക്ലിക്കിച്ചിട്ട് ഇപ്പോ പോകാന്നോ ! കൊല്ലും ഞാൻ

അവൾ: ഓർമ്മയുണ്ടോ?

ഞാ: നല്ല ചോദ്യം

ആത്മ: അതേയതേ, സാരിയൊക്കെ ഉടൂത്ത് മാലയൊക്കെ ഇട്ട് ചോദ്യമങ്ങനെ തെളങ്ങി നിൽക്കുവല്ലേ ! നീയീ പാതിരാത്രിക്ക് അളുടെ ചോദ്യത്തിന് മാർക്കിടാൻ പോവാണോ?

ഞാ: <ഡിലീറ്റ്>

അവൾ: <ടൈപ്പിങ്ങ്> <ടൈപ്പിങ്ങ്>

ആത്മ: ആരേലും ഒരാൾ എന്റർ അമർത്തടേ

ഞാ: മറക്കാൻ എനിക്ക് പറ്റുമോ .. നശിപ്പിച്ചു, നിന്നോടാരാടാ തെണ്ടീ എന്റർ അമർത്താൻ പറഞ്ഞേ !

ആത്മ: ഹു ഹു ഹു ഹു

അവൾ: <ടൈപ്പിങ്ങ്>

ആത്മ: ചോയിക്ക് ചോയിക്ക് മറ്റേത് ചോയിക്ക്

ഞാ: എന്ത്?

ആത്മ: ഡബ്ലിയു എ വൈ ഡബ്ലിയു പ്ലീസ്.. ന്ന്

ഞാ: അതിന് അവളൊന്നും പറഞ്ഞില്ലല്ലോ

ആത്മ: ഒരു ഹിന്റിന് വേണ്ടി ഇരുപത് കൊല്ലം കാത്തിരുന്നിട്ട് വല്ലോം കിട്ടിയോ? ഇനിയെന്ത് നോക്കാൻ..

അവൾ: ഉറങ്ങിയില്ലേ?

ഞാ: ഇല്ല, വെറുതേ.. സുഖമാണോ?

ആത്മ: നിൻവിരൽ തൊടും.. അവൻ തൊടങ്ങി. ഇപ്പ വരും. നോക്കിയിരുന്നോ

അവൾ: സുഖം. എവിടെയാ ഇപ്പോ?

ഞാൻ: ഇവിടെയൊക്കെത്തന്നെ. നമ്മളൊക്കെ എവിടെ പോകാൻ

ആത്മ: അതേ അതേ, ഇട്, മറ്റേതിട്, പിഴുതുമാറ്റാൻ നോക്കിയാൽ ചോരകിനിയുന്ന വേരുകൾ.. അങ്ങ് പൊലിക്കട്ടെ..

അവൾ: എന്ത് ചെയ്യുന്നു?

ഞാൻ: <വിശദീകരണം>

ആത്മ: കൊല്ലണ്ടടാ

അവൾ: Hm

ആത്മ: കെയർഫുൾ ബോയ്, അവൾക്ക് ബോറടിച്ചു.

ഞാ: <പേര്> എന്ത് ചെയ്യുന്നു?

അവൾ: <ജോലി>, <ഭർത്താവ്>, <കുട്ടി>..

ആത്മ: ദാമ്പത്യബന്ധം സന്തോഷകരമാണോന്ന് ചോയിക്ക്.. ഉം..

ഞാ: ഒന്ന് ചുമ്മാതിരിയെടേ.

ഞാ: ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്

അവൾ: എന്ത്?

ആത്മ: ആർ ഓ എഫ് എൽ

ഞാ: അല്ല, ഓർമ്മകൾ.. പിന്നെ കാൽപ്പാടുകൾ.. നമ്മൾ.. ഐ മീൻ ഞാൻ..

അവൾ: ഞാൻ നിന്നെ ഓർത്തു, ഉറക്കം വരാതിരുന്നപ്പോൾ

ആത്മ: അടിച്ചു മോനൂസേ.. ദാ ലഡ്ഡു. ചോയിക്ക് ചോയിക്ക്, ഇതാണാ ഹിന്റ്

ഞാ: ഓർത്തല്ലോ.. സന്തോഷം. എന്തേ ഓർക്കാൻ?

ആത്മ: പരീക്കുട്ടി

അവൾ: ഉറക്കം വരാതിരുന്നപ്പോ.. ഓരോന്ന് ഓർത്തപ്പോ..

ആത്മ: അതന്നെ, ഇതതന്നെ.. നീയും അങ്ങനെ തന്നേന്ന് പറ..

അവൾ: <ടൈപ്പിങ്ങ്>

ഞാ -> ആത്മ: അടങ്ങടാ.. ഓവറാക്കല്ലേ..

അവൾ: നിന്റെ സംസാരം കേട്ടാൽ രണ്ട് മിനിറ്റിൽ ഉറക്കം വരുമല്ലോന്ന് ഓർത്തു

ആത്മ: എൽ എം എ ഓ.. അവള് തേക്കാൻ മറന്ന് പോയകൊണ്ട് ഇരുപത് കൊല്ലത്തിന് ശേഷം ദാ ബ്രോഡ്‌ബാൻഡ് പിടിച്ച് വന്ന് തേച്ചിട്ട് പോന്നു.. ഹ ഹ ഹ ഹാ..

ഞാ -> ആത്മ: എന്റെ പ്രണയം പവിത്രമാണ്.

ഞാ: ശരി, ഞാനെന്റെ സ്വപ്നജീവികളുടെ അസ്ഥിമാടങ്ങൾ - നീണ്ടകഥ എടുത്തോണ്ട് വരാം

അവൾ: <കോട്ടുവാ സ്മൈലി> നീ ഇതുപോലെ ഒന്ന് രണ്ട് വാക്യങ്ങളും കൂടി പറഞ്ഞാ മതി, ഞാൻ ബോധം കെട്ട് പൊയ്ക്കോളും. നിനക്ക് ഒരു മാറ്റവുമില്ലല്ലോടാ

ഞാ: മാറ്റമില്ലാത്തത് എനിക്കല്ല, നിങ്ങൾക്കൊക്കെ എന്നെക്കൊണ്ടുള്ള അവശ്യങ്ങൾക്കാണ്

അവൾ: <ടൈപ്പിങ്ങ്>
.

.

.

അവൾ: <ടൈപ്പിങ്ങ്>
.

.

.

ആത്മ: എങ്ങനെ സാധിക്കുന്നെടാ നമുക്കിത്?

ഞാ: ഐ നെവെർ സീസ് റ്റു അമേസ് മീ..

<പിറ്റേന്ന് ഉച്ചയ്ക്ക്>

അവൾ: ഞാനുറങ്ങിപ്പോയെടാ, നിനക്ക് സുഖമല്ലേ?

ഞാൻ: ഇതൊക്കെ അല്ലേ നമ്മുടെ ഒരു സുഖം

ആത്മ: ഹോഷ്‌വാലോം കോ ഖബർ ക്യാ.. ബേഖുദി ക്യാ ചീസ് ഹേ..

ഞാൻ: അതല്ല

ആത്മ: കറക്റ്റ്, മംഗളം നേരുന്നു ഞാൻ..

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...