Monday, July 6, 2020

ബൗദ്ധിക സംവാദം

മച്ചുനാ..

എന്നാടാ?

നീയെന്താ ആ ബുക്ക് തലതിരിച്ചുവച്ച് തുറിച്ച് നോക്കിയിരിക്കുന്നത്?

ഞാന്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ്..

അയിനെന്തിനാപ്പാ തലതിരിച്ച് പിടിക്കുന്നേ?

വരികള്‍ എന്റെ ഏകാന്തതക്ക് ഭംഗം വരുത്താതിരിക്കാന്‍..

എന്താ മച്ചുനാ ഇങ്ങനെ സെന്റി?

മഴയിലേക്ക് നോക്കിയിരുന്നപ്പോള്‍ ഞാനവളുടെ മുഖം കണ്ടു..

ഓ, ആ തടിയന്റെ പഴേ പടം.. എന്താ ഓള്‍ടെ പേര്? ക്ലാവറോ?

അല്ല, ഇസ്പേഡ്.. എടാ, ഇങ്ങനെ ജാഡ പാടില്ല.. നീ ഇന്നലേം കൂടി അത് തൊറന്ന്
വച്ചിരിക്കുന്ന കണ്ടല്ലോ..

ഓ, അത് ഞാനാ സീന്‍ കാണാന്‍.. എടാ, നമ്മള്‍ സ്ട്രോങ്ങായിരിക്കണം.. പുറത്തെ വെള്ളം നമ്മുടെ വിയര്‍പ്പിനെ മാത്രമേ ഒഴുക്കിക്കളയാവൂ.. കണ്ണുനീരിനെ പാടില്ല.

അകത്ത് വെള്ളം ആയാല്‍ കണ്ണുനീര്‍ ആകാമോ?

രണ്ടോ മൂന്നോ തുള്ളി മാത്രം.. നോ മോര്‍..

എടാ, നീ എനിക്കൊരു ഉപകാരം ചെയ്യണം..

എന്തും ചെയ്യും.. നീ പറ..

നീ എന്നെ നരകത്തില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ അവളോട് ക്ഷമിച്ച് കാണും എന്ന് നീ മറ്റവളോട്‌ പറയരുത്..

ഇല്ലടാ.. ഒരിക്കലും ഇല്ല. മറ്റവള്‍ എന്റെ കൂടെ നരകത്തില്‍ കാണുമെന്ന് നിനക്ക് ഒറപ്പാണല്ലേ..

അതതേ..
ക്ഷേ‌ നീയും സ്ട്രോങ്ങായിരിക്കണം.. എങ്ങാനും അവളെ സ്വര്‍ഗ്ഗത്തില്‍ കണ്ടാല്‍ പിന്നേം അലിഞ്ഞ് അങ്ങ് ക്ഷമിച്ചേക്കരുത്..

നെവര്‍ഡാ.. നെവര്‍..

ങാ, പിന്നെ നീ എന്റെ ശവമടക്കിന് വരുവാണെങ്കില്‍ ഒരു കോഴിയും ഒരു പാക്കറ്റ് മുളക് പൊടിയും ലേശം ഉപ്പും എന്റെ പെട്ടിയില്‍ വച്ചേക്കണം..

നരകത്തിലെ തിളച്ച എണ്ണയില്‍ പൊരിച്ച് തിന്നാനായിരിക്കും..

അത് തന്നെ..

ഹ ഹ ഹ ഹാ..

എന്താടാ..

രണ്ട് ചത്ത കിളികള്‍ ഒരുമിച്ച് കിടക്കുന്നത് ഓര്‍ത്തപ്പോ..

കോഴി കിളിയല്ലടാ, പക്ഷിയാണ്..

എന്തോ ആയി..

നമ്മക്ക് കുടി നിര്‍ത്തിയാലോ..

ഇത് തീര്‍ന്നപാടെ നിര്‍ത്താം..

ങാ, എന്നാ ഒഴി..

എടാ ഇത് രണ്ട് പെഗ്ഗ് വീതം കാണും.

സാരമില്ലടാ, നിര്‍ത്താന്‍ പോകുന്നതല്ലേ..

ഛേ, എന്നാല്‍ ഒരു ചെറുതൂടെ വാങ്ങാമായിരുന്നു..
സത്യം മച്ചുനാ, പിരിയാന്‍ പോകുമ്പളേ ഓരോന്നും നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നാം അറിയൂ..

......

......

ഏടാ..

എന്താടാ..

നീ ഒറങ്ങിയോ?

ഇല്ല.. എന്തേ?

നിന്റെ മാറുപിളര്‍ന്ന് ഞാന്‍ രക്തം കുടിക്കാന്‍ പോകുന്നു..

ഹ ഹ ഹ ഹാ ഹാ..

എന്താ ചിരിക്കുന്നേ?

നീ ഇത് പറഞ്ഞിട്ടല്ലേ അവള്‍ നിന്നെ ഫോണ്‍ വിളിക്കുന്നത് നിര്‍ത്തിയത്?

അത് നീ എങ്ങനെ അറിഞ്ഞു?

നിന്നെ വിളിക്കുന്നത് നിര്‍ത്തി അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവളെ വിളിക്കാന്‍ തുടങ്ങി..

അത് ശരി.. എന്നിട്ട് ഓളെന്തെല്ലാം പറഞ്ഞു?

നീ മാറെന്നൊക്കെ പറഞ്ഞപ്പോ ഓളെന്തെല്ലോ പ്രതീക്ഷിച്ചിനോലും.. പിന്നെ രക്തന്നെല്ലാം കേട്ടപ്പോ നിനക്ക് വട്ടാണെന്ന് ഒറപ്പിച്ചുന്ന്..

ആ ദുഷ്ട പുരുഷ വര്‍ഗ്ഗത്തെ മൊത്തം അപമാനിച്ചല്ലേ..

ഇല്ലെടാ, നിന്നെ മാത്രം..

.....

.....

എടാ..

എന്താപ്പാ..

ഒന്നുമില്ല, ഞാന്‍ ഉറങ്ങി.. പറയാന്‍ വിളിച്ചതാ..

ങാ, എന്നാ ശരി..

കുപ്പീല്‍ വല്ലോം ബാക്കിയുണ്ടോ?

നിര്‍ത്തുന്നതല്ലേന്ന് വച്ച് ഞാനത് വെള്ളമൊഴിച്ച് കഴുകി കുടിച്ചു..

ശരിടാ എന്നാ..

ആടാ, ശരി..

2013-04-01 15:51:16 ന് പോസ്റ്റ് ചെയ്തത്

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...