Thursday, August 29, 2019

ആഗ്രഹങ്ങൾ

2012-06-25 16:04:47 ന് റബ്ബർ തോട്ടത്തിന്റെ ചിത്രവുമായി പോസ്റ്റ് ചെയ്തത്. യെന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു !

ഈ റബ്ബര്‍ മരങ്ങള്‍ ടാപ്പിങ്ങിനു തയ്യാറായാല്‍ ഉടനെതന്നെ ജോലിയൊക്കെ രാജി വച്ച് കൂടും കുടുക്കയുമായി നാടണയും. ഏകാന്തത വേട്ടയാടാതിരിക്കാനായി ഇപ്പോള്‍ പ്രണയവും അപ്പോള്‍ വിവാഹവും പരിഗണിക്കുന്നു. താല്പര്യമുള്ള യുവതികളില്‍ നിന്നും യുവതികളുടെ സുഹൃത്തുക്കളില്‍ നിന്നും പ്രണയാഭ്യര്‍ഥനകള്‍ ക്ഷണിക്കുന്നു.. നിബന്ധനകള്‍ താഴെപ്പറയും വിധം..

സി പ്രോഗ്രാമിംഗ് നിര്‍ബന്ധം ആണ്.
ഒരു സ്ക്രിപ്ടിംഗ് ലാംഗ്വേജ് കൂടി അറിയുന്നത് നല്ലതായിരിക്കും.
ലിനക്സ് ഉപയോഗിക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ഞാന്‍ രാവിലെ ഉണര്‍ന്ന് റബ്ബര്‍ ടാപ്പ് ചെയ്യാന്‍ പോകും. ടാപ്പിംഗ് കഴിയുമ്പോളേക്കും ചെണ്ടമുറിയന്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചെറിയ ചുവന്നുള്ളിയും ഉപ്പും വിനാഗിരിയും ചേര്‍ത്ത് ചതച്ചതും കട്ടന്‍ കാപ്പിയുമായി തോട്ടത്തിന്റെ ഓരത്ത് എന്നെ കാത്തു നില്‍ക്കണം.
ഞാന്‍ ഹെഡ്ലൈറ്റ് ഒക്കെ പിടിപ്പിച്ചു റബ്ബര്‍ കത്തിയുമായി ലുങ്കിയും മാടിക്കുത്തി സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ കപ്പയും കാപ്പിയും താഴെ വച്ച് രണ്ടു കയുഉം കവിളില്‍ ചേര്‍ത്ത് വച്ച് വികാര തീവ്രതയോടും ആരാധനയോടും അട്ഭുതതോടെയും കൂടെ എന്നെ നോക്കി നിക്കണം.
ഞാന്‍ അടുത്തെത്തുമ്പോള്‍ ഹോ ഷാരൂഖ് ഖാനെ പോലെ ഉണ്ടായിരുന്നു ആ നടപ്പ് എന്ന് പറയണം.
ഞാന്‍ എന്റെ ഗാലക്സി ടാബില്‍ ആ ദിവസത്തെ ടാപ്പിംഗ് സ്ഥിതിവിവരകണക്കുകള്‍ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞ് തോട്ടത്തിന്റെ അരികില്‍ വച്ച് റൊമാന്റിക് ആയ കാപ്പികുടി കഴിഞ്ഞ് വീട്ടിലേക്ക്.
പ്രഭാതഭക്ഷണം ഉച്ചഭക്ഷണം ഇവക്കൊന്നും നിബന്ധനകളില്ല.
വൈകിട്ട് തോട്ടത്തിലെ പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ എണ്ണയും (ആഴ്ചയില്‍ രണ്ടു ദിവസം ഷാമ്പൂ ആവാം) സോപ്പും തന്നു എന്നെ കുളിക്കാന്‍ തള്ളിവിടണം.
കുളി കഴിഞ്ഞ് വരുമ്പോള്‍ ഒരു പെഗ് ഓ എം ആറില്‍ സ്പ്രൈടും ഒഴിച്ച് കാത്തിരിക്കണം. വേണമെങ്കില്‍ കുടിക്കാവുന്നതാണ്. മദ്യപാന സമയത്ത് നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ചൂടുള്ള സംവാദം, പീഡനകേസുകളുടെ അവലോകനം എന്നിവ ഉണ്ടായിരിക്കും.
അത്താഴം കഴിഞ്ഞ് ഒരു മണിക്കൂര്‍ റോമാന്റിക്കായ പ്രോഗ്രാമിംഗ് മത്സരം, മുക്കാല്‍ മണിക്കൂര്‍ പ്ലസ്സിംഗ് എന്നിവ ഉണ്ടായിരിക്കും. വിവാഹ ശേഷം പ്ലസ്സിംഗ് കുറയ്ക്കുക എന്നുള്ളത് എന്റെ തീരുമാനമാണ്. പക്ഷെ കുട്ടിക്ക് പ്ലസ്സിങ്ങിനു ഒരു വിധ നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഇ-മെയില്‍ പാസ്വേഡ് ചോദിക്കുക, ഇ-മെയില്‍ തുറന്നു നോക്കുക, അതിന്റെ മേലെ ബഹളമുണ്ടാക്കുക തുടങ്ങി ഒരുവിധ അലമ്പുകളും ഉണ്ടായിരിക്കുന്നതല്ല.
രാത്രി പാല്‍ ശീലമില്ല. പിരിഞ്ഞാലോ.. പ്ലസ്സിങ്ങും പ്രോഗ്രാമിംഗ് റൊമാന്‍സും കഴിഞ്ഞ്... (നാണം)..
പിന്നെ ഞാന്‍ ഒരു സംഭവമാണെന്ന് ഇടയ്ക്കിടയ്ക്ക് പറയണം. എന്നോട് പറയണ്ട. എനിക്കതറിയാം. അയല്‍ക്കാരികള്‍, സുന്ദരികളായ സുഹൃത്തുക്കള്‍ എന്നിവരോടൊക്കെ പറഞ്ഞാല്‍ മതി.
സംസാരത്തിനിടയില്‍ എന്റെ കാര്യം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം എന്ന് തന്നെ ഉപയോഗിക്കണം.
തീയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രശ്നമില്ല. വിളിക്കരുത്. വേണമെങ്കില്‍ സ്വന്തം പോയി കാണാം.
ക്രെഡിറ്റ് കാര്‍ഡ് എടുത്തു തരില്ല. എന്റെ പോക്കറ്റില്‍ നിന്നും കാശേടുതാമതി. പറയണമെന്നോന്നുമില്ല.
എന്റെ മുറിയിലുള്ള ഇ എം എസ്, നായനാര്‍, ചെഗുവേര തുടങ്ങിയവരുടെ ചിത്രങ്ങള്‍ തുടച്ചു വൃത്തിയാക്കി വെക്കണം.
എന്റെ തുണികള്‍ ഞാന്‍ തന്നെ അലക്കുന്നതായിരിക്കും. അടുക്കളയും വീടും ഒരു കാരണവശാലും അലങ്കോലമാക്കി ഇടാന്‍ പാടില്ല. അടുക്കും ചിട്ടയും നിര്‍ബന്ധമാണ്‌. ഇത്രയൊക്കെ ഉള്ളൂ.. സിമ്പിള്‍ റൈറ്റ്..??"

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...